പാറ്റ്ന: ജെഡിയുവിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ 20 വർഷത്തെ ഭരണത്തിലും ബിഹാർ ദരിദ്രസംസ്ഥാനമായി തുടരുകയാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്.
എൻഡിഎ വീണ്ടും അധികാരത്തിലെത്തിയാൽ നിതീഷ് കുമാർ മുഖ്യമന്ത്രിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിതീഷ് കുമാറിനെ ബിജെപി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ഗുജറാത്തിൽനിന്നുള്ള രണ്ടു പേരാണ് ഭരണം നടത്തുന്നതെന്നും തേജസ്വി പരിഹസിച്ചു.
പ്രധാനമന്ത്രി മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ഉദ്ദേശിച്ചായിരുന്നു തേജസ്വിയുടെ പരിഹാസം. പ്രതിപക്ഷ സഖ്യം അധികാരത്തിൽ വന്നാൽ ജനങ്ങളുടെ പരാതികൾ കേൾക്കുമെന്നും താങ്ങാവുന്ന വിലയ്ക്കു മരുന്നുകൾ സർക്കാർ ഉറപ്പാക്കുമെന്നും മുൻ ഉപമുഖ്യമന്ത്രി പറഞ്ഞു.
ബിഹാറിലെ ഓരോ വീട്ടിലും ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആർജെഡി ഭരണകാലത്തെ അഴിമതിയെക്കുറിച്ച് പറയുന്ന പ്രധാനമന്ത്രി നിതീഷ്കുമാറിനെക്കുറിച്ച് മുമ്പ് പറഞ്ഞത് വിഴുങ്ങിയെയെന്നും തേജസ്വി ചോദിച്ചു.
നിതീഷ് കുമാർ സർക്കാരിന്റെ 55 അഴിമതികളെക്കുറിച്ച് പ്രധാനമന്ത്രി മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അദ്ദേഹം എന്ത് നടപടിയാണു സ്വീകരിച്ചത്? അഴിമതികൾക്കെതിരേ ഉചിതമായ നടപടിയെടുക്കാത്തതും കുറ്റവാളികൾ സ്വതന്ത്രമായി വിഹരിക്കുന്നതുമായ സ്ഥലമാണ് ‘ജംഗിൾ രാജ്’.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിമിനൽ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും തേജസ്വി ആരോപിച്ചു.